മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തൽ. എസ്.ഐ.ടി തലവൻ യു. പ്രേമൻ ഇത് സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന ഡി.ജി.പിക്ക് കൈമാറി. കെ.എസ്.യു പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്തെത്താൻ പോലും കഴിഞ്ഞിട്ടില്ലെന്നും പ്രതിഷേധത്തെ പെരുപ്പിച്ചു കാട്ടുകയായിരുന്നു എന്നുമാണ് റിപ്പോർട്ടിലുള്ളത്.
ഗൺമാൻ അഭിലാഷ് മുൻപ് നൽകിയ മൊഴി തിരുത്തിയതോടെ അക്രമ കേസ് നിലനിൽക്കില്ലെന്ന് വ്യക്തമായി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസും കെ.എസ്.യു പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും അക്രമിക്കാൻ ഉപയോഗിച്ചെന്ന് പറയുന്ന ആയുധങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ പ്രതിഷേധത്തിൽ ഗൺമാൻ അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെ പോലീസ് വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നത്. ആയുധങ്ങൾ ഉപയോഗിച്ച് പ്രതിഷേധക്കാർ മന്ത്രിയെ അക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു ആദ്യ മൊഴി.
എന്നാൽ, പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഗൺമാൻ ഈ മൊഴി പൂർണ്ണമായും തിരുത്തി. മന്ത്രി വീണാ ജോർജിനെ അക്രമിക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടില്ലെന്നും, വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് തെറ്റായ മൊഴി നൽകിയതെന്നും അഭിലാഷ് എസ്.ഐ.ടിയോട് വെളിപ്പെടുത്തി. ഗൺമാന്റെ ഈ വെളിപ്പെടുത്തലോടെ മുൻ മന്ത്രി വീണാ ജോർജ് കൂടുതൽ കുരുക്കിലായിരിക്കുകയാണ്.















