കടുത്തുരുത്തി: കെ.എസ് പുരം നവജ്യോതി ലൈബ്രറിയുടെ കനക ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ 31, നവംബർ 1 തീയതികളിൽ വിവിധ പരിപാടികളോടെ നടക്കും. 1976-ൽ പ്രവർത്തനം ആരംഭിച്ച ലൈബ്രറിയുടെ ജൂബിലി ആഘോഷ സമാപന പൊതുസമ്മേളനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ കടുത്തുരുത്തി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുൻ പ്രസിഡന്റ് എ.വി. ചാക്കോ ആനിത്താനം സൗജന്യമായി നൽകിയ രണ്ടേകാൽ സെന്റ് സ്ഥലവും പിന്നീട് കമ്മിറ്റി വിലയ്ക്ക് വാങ്ങിയ മുക്കാൽ സെന്റും ഉൾപ്പെടെ മൂന്ന് സെന്റിലാണ് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. മുൻ എം.പി കെ. സുരേഷ് കുറുപ്പിന്റെ വികസന ഫണ്ടിൽ നിന്നുള്ള 2 ലക്ഷം രൂപ ഉപയോഗിച്ചാണ് നിലവിലെ മന്ദിരം പൂർത്തിയാക്കിയത്.















