രോഗാവസ്ഥയുടെ അവസാനഘട്ടത്തിൽ മാത്രമല്ല, ദീർഘകാല രോഗങ്ങൾ കണ്ടെത്തുന്ന ഘട്ടം മുതൽ പാലിയേറ്റീവ് പരിചരണം നൽകാൻ സാധിക്കുന്ന സംവിധാനം വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സത്യൻ സ്മാരക ഹാളിൽ ലോക പാലിയേറ്റീവ് ദിനാചരണ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായ രോഗീസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി രോഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകൾ നടത്തുന്ന ഹൃദയരാഗം പദ്ധതി ഇടുക്കി, നിലമ്പൂർ, വട്ടിയൂർക്കാവ് നിയോജക മണ്ഡലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ്. പദ്ധതി വിജയകരമായാൽ 140 നിയോജക മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും. പാലിയേറ്റീവ് പരിചരണത്തെ പദ്ധതിയുമായി ബന്ധിപ്പിക്കും. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള സംസ്ഥാനത്തെ മുഴുവൻ രോഗികളെയും കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു.
പാലിയേറ്റീവ് പരിചരണത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം എന്നത് ഏറെ അഭിമാനകരമാണ്. ജനകീയ ആരോഗ്യ പ്രവർത്തനമായി പാലിയേറ്റീവ് പരിചരണത്തെ വികസിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് കേരളത്തിന്‍റെ നേട്ടം. ശാരീരിക വിഷമതകൾ കുറയ്ക്കുന്നതോടൊപ്പം രോഗിക്ക് മാനസിക, സാമൂഹിക പിന്തുണ കൂടി നൽകുന്നുവെന്ന് ഉറപ്പ് വരുത്താൻ നമുക്ക് കഴിയുന്നു. പാലിയേറ്റീവ് പരിചരണം കാരുണ്യപ്രവർത്തനം മാത്രമല്ല, അവകാശാധിഷ്ഠിതവും ജനകീയവുമായ പ്രവർത്തനമാണ്.















