ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തെ ചോദ്യം ചെയ്ത് പി.എസ്.സി സമർപ്പിച്ച ഹർജി പരിഗണിക്കവേ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേസിലെ പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമാണ് നടത്തുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു.
പി.എസ്.സിയും സർക്കാരും ‘ഭായ് ഭായ്’ കളിച്ചാൽ സാധാരണ ജനങ്ങൾക്ക് സംശയം തോന്നുെമന്നും കോടതി ഓർമ്മിപ്പിച്ചു.
കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തോട് പി.എസ്.സി ഒട്ടും സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയിൽ ആവർത്തിച്ചു. എന്നാൽ നിശ്ചിത ചട്ടങ്ങൾ പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് പി.എസ്.സി വാദിച്ചു.
രണ്ടു പ്രമുഖ ഭരണഘടനാ സ്ഥാപനങ്ങളും സർക്കാരും തമ്മിലുള്ള തർക്കങ്ങൾക്കിടെ പ്രധാന പ്രതിയെ സംരക്ഷിക്കുന്ന തരത്തിൽ അന്വേഷണം മുന്നോട്ട് പോകുന്നതിനെയാണ് ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.















