തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ അതീവ സുപ്രധാന വിവരങ്ങളും ഫയലുകളും കൈകാര്യം ചെയ്യുന്ന ‘ടി1’, ‘ടി2’ (T1, T2) സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ (RTI) പരിധിയിൽ നിന്ന് ഒഴിവാക്കി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി.
ഇതോടെ സംസ്ഥാനത്തെ ബാധിക്കുന്ന നിർണായക അന്വേഷണ വിവരങ്ങളും വ്യക്തിഗത ഫയലുകളും ഇനി ആർ.ടി.ഐ പ്രകാരം പൊതുജനങ്ങൾക്ക് ലഭിക്കില്ല. ഇന്നലെയാണ് സർക്കാരിന്റെ ഈ വിജ്ഞാപനം പുറത്തുവന്നത്.
അതീവ രഹസ്യ ഫയലുകളും ഡയറികളും കൈകാര്യം ചെയ്യുന്നത് ‘ടി’ സെക്ഷൻ
സംസ്ഥാനത്തിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകൾ സൂക്ഷിക്കുന്നതും പ്രോസസ് ചെയ്യുന്നതും വിജിലൻസിലെ ടി1, ടി2 സെക്ഷനുകളാണ്. മിനിസ്റ്റീരിയൽ എക്സിക്യൂട്ടീവ്, ലീഗൽ സ്റ്റാഫുകൾ എന്നിവരുടെ രഹസ്യ റിപ്പോർട്ടുകളും, ഉയർന്ന സുരക്ഷാ പ്രാധാന്യമുള്ള വ്യക്തിഗത ഫയലുകളും കൈകാര്യം ചെയ്യുന്നത് ടി സെക്ഷനാണ്. കൂടാതെ വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രതിവാര പ്രവർത്തന ഡയറികൾ പ്രോസസ് ചെയ്യുന്നതും പരിശോധിക്കുന്നതും ടി2 സെക്ഷന്റെ ചുമതലയിലാണ്.
സുതാര്യത തകരുമെന്ന് ആക്ഷേപം
ഉയർന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന അഴിമതിക്കേസുകളിലെ നിർണായക വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തുന്നത് തടയാനാണ് സർക്കാരിന്റെ ഈ നീക്കമെന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു. പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ടി സെക്ഷനുകൾ നേരത്തെ തന്നെ വിവരാവകാശ നിയമത്തിന് പുറത്താണ്. എന്നാൽ അഴിമതി തടയാൻ രൂപീകരിച്ച വിജിലൻസിലും വിവരങ്ങൾ രഹസ്യമാക്കുന്നത് സുതാര്യതയെ ബാധിക്കുമെന്നാണ് പൊതുജന കൂട്ടായ്മകൾ ചൂണ്ടിക്കാണിക്കുന്നത്.















