മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ അനുകൂലിച്ച് ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ച അഡ്വക്കറ്റ് ജനറലിനെതിരെ (എ.ജി) രൂക്ഷവിമർശനവുമായി കെ.കെ. രമ എം.എൽ.എ. എ.ജിയുടെ നിലപാട് തികച്ചും നിരാശാജനകമാണെന്നും യു.ഡി.എഫ് സർക്കാരിന്റെ പൊതുനിലപാടിന്റെ നിറം കെടുത്തുന്നതാണെന്നും കെ.കെ. രമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
എ.ജിയുടെ നിലപാടിനെതിരെ ഉയരുന്ന വിമർശനങ്ങൾ സർക്കാർ പരിഗണിക്കണമെന്നും മാസപ്പടി കേസിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃപദവി ഒഴിയണമെന്നും രമ ആവശ്യപ്പെട്ടു.















