തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളോ തർക്കങ്ങളോ ഇല്ലെന്ന് വ്യക്തമാക്കി വകുപ്പ് മന്ത്രി. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് രണ്ട് ഉത്തരവുകൾ ഇറങ്ങിയതിൽ അസ്വാഭാവികതയില്ലെന്നും ഇതൊരു ‘ഹെൽത്തി ചലഞ്ച്’ (ആരോഗ്യകരമായ മത്സരം) മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പിൽ മാലിന്യ നിർമാർജനത്തിനായി പ്രിൻസിപ്പൽ സെക്രട്ടറിയും ഡയറക്ടറും സമാന്തര പദ്ധതികൾ പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പ്രിൻസിപ്പൽ സെക്രട്ടറി ടി.വി. അനുപമ ‘നിർമലം’ എന്ന പദ്ധതി പ്രഖ്യാപിച്ചപ്പോൾ, ഡയറക്ടർ ദിവ്യ എസ്. അയ്യർ ‘ഐ.സി 100 ചലഞ്ച്’ പ്രഖ്യാപിക്കുകയായിരുന്നു. ഒരേ ആവശ്യത്തിനായി രണ്ടു ഉത്തരവുകൾ ഒരേസമയം വന്നത് കീഴുദ്യോഗസ്ഥർക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കി.
തുടർന്ന് വകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ട് പ്രിൻസിപ്പൽ സെക്രട്ടറിയുമായും ഡയറക്ടറുമായും ചർച്ചകൾ നടത്തിയെങ്കിലും വിഷയം പൂർണ്ണമായി പരിഹരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. നിലവിൽ രണ്ട് പദ്ധതികളുമായി മുന്നോട്ടു പോകാനാണ് വകുപ്പിന്റെ തീരുമാനം. പ്രശ്നം വരും ദിവസങ്ങളിൽ പരിഹരിക്കപ്പെട്ടില്ലെങ്കിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടേക്കുമെന്നും സൂചനയുണ്ട്.















