പാലാ: സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ (SMS) ആഭിമുഖ്യത്തിൽ സ്നേഹഗിരി സ്ഥാപനങ്ങളിലെ അന്തേവാസികളുടെ സംഗമമായ ‘കാരുണ്യ പൈതൃകം 2K26’ ചെത്തിമറ്റം ദൈവദാൻ സെന്ററിൽ വെച്ച് നടന്നു.
രാവിലെ 10 മണിക്ക് സ്ഥാപകന്റെ മുറി സന്ദർശനത്തോടെ ആരംഭിച്ച ചടങ്ങുകളിൽ 10.30-ഓടെ പ്രാർത്ഥനാ ശുശ്രൂഷയും തുടർന്ന് പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൊതുസമ്മേളനം പാലാ രൂപതാ വികാരി ജനറൽ റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു.
മദർ ജനറൽ റവ. ഡോ. സിസ്റ്റർ ദിവ്യ SMS അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ മുനിസിപ്പൽ ചെയർപേഴ്സൺ മായ രാഹുൽ മുഖ്യപ്രഭാഷണം നടത്തി. പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സിസ്റ്റർ ലിനി SMS സ്വാഗതവും വൈസ് പ്രൊവിൻഷ്യൽ സിസ്റ്റർ സാൽവിൻ SMS നന്ദിയും രേഖപ്പെടുത്തി.
ളാലം ഓൾഡ് സെന്റ് മേരീസ് പള്ളി വികാരി റവ. ഫാ. ജോസഫ് തടത്തിൽ, പാലാ രൂപതാ കെയർ ഹോംസ് ഡയറക്ടർ റവ. ഫാ. ജോർജ് NCP, ജനറൽ കൗൺസിലർ സിസ്റ്റർ റാണി ടോം SMS, ഒസ്സാനം സൊസൈറ്റി അംഗം ബിനോയ് ജോസഫ് വലിയമുട്ടങ്കൽ, വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.















