ലണ്ടൻ: പുതിയ സുരക്ഷാ ഭീഷണികളെയും ഭീകരാക്രമണ പദ്ധതികളെക്കുറിച്ചുള്ള അന്വേഷണങ്ങളെയും തുടർന്ന് യുകെയിലെ ആർ.എ.എഫ് ഫെയർഫോർഡ് (RAF Fairford) വ്യോമതാവളത്തിൽ നിന്ന് തങ്ങളുടെ മുഴുവൻ ദീർഘദൂര ബോംബർ വിമാനങ്ങളും തിരികെ വിളിച്ച് അമേരിക്ക. ഫെയർഫോർഡിൽ വിന്യസിച്ചിരുന്ന യു.എസ് വ്യോമസേനയുടെ മുഴുവൻ ബോംബർ വിമാനങ്ങളും അമേരിക്കയിലെ സ്വന്തം ബേസുകളിലേക്ക് മാറ്റിയതായി പെന്റഗൺ വക്താവിനെ ഉദ്ധരിച്ച് സി.എൻ.എൻ (CNN) റിപ്പോർട്ട് ചെയ്തു.
യുകെയിലെ ബേസ് ലക്ഷ്യമിട്ട് ഇറാൻ ബന്ധമുള്ള ഭീകരാക്രമണ പദ്ധതികൾ നടക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പെട്ടെന്നുള്ള പുതിയ ഭീഷണിയുടെ പശ്ചാത്തലത്തിൽ വിമാനങ്ങൾ സുരക്ഷിത താവളത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ സുരക്ഷാ ഭീഷണിയുടെ കൃത്യമായ സ്വഭാവം വെളിപ്പെടുത്താൻ അമേരിക്കൻ ഔദ്യോഗിക വക്താക്കൾ തയ്യാറായിട്ടില്ല.
സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ സമീപ പ്രദേശങ്ങളിലെ മറ്റ് ബേസുകളിലേക്ക് വിമാനങ്ങൾ മാറ്റുന്നതിന് പകരം നേരിട്ട് അമേരിക്കയിലേക്ക് തന്നെ തിരികെ എത്തിച്ചത് വിഷയം എത്രത്തോളം ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കുന്നു. യുകെ കൗണ്ടർ ടെററിസം പോലീസും അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികളും സംയുക്തമായി യുകെ ബേസിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.















