ആലപ്പുഴ: ആലപ്പുഴ എടത്വാ ജങ്ഷനിൽ ചന്തയ്ക്ക് സമീപമുള്ള വ്യാപാാര സ്ഥാപനങ്ങളിൽ വൻ തീപിടിത്തം. ഞായറാഴ്ച രാത്രി 8.45-ഓടെയുണ്ടായ അപകടത്തിൽ കരിക്കംപള്ളി പലചരക്ക് കട, എം.വി. സ്റ്റോഴ്സ്, സോണി ഗ്ലാസ് ഹൗസ് എന്നീ മൂന്ന് സ്ഥാപനങ്ങൾ കത്തിനശിച്ചു. തീ സമീപത്തെ മറ്റ് കടകളിലേക്കും പടർന്നത് പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചു.
കരിക്കംപള്ളി പലചരക്ക് കടയും എം.വി. സ്റ്റോഴ്സും പൂർണ്ണമായും, ഗ്ലാസ് ഹൗസ് ഭാഗികമായും കത്തിയമർന്നു. സമീപത്തുള്ള ബ്യൂട്ടി പാർലർ, ഫ്രൂട്ട്സ് സ്റ്റാൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും തീ പടർന്നെങ്കിലും നാട്ടുകാരും തദ്ദേശീയരും ചേർന്ന് സാധനങ്ങൾ അടിയന്തരമായി പുറത്തേക്ക് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.
തകഴി, തിരുവല്ല, ചെങ്ങന്നൂർ, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നായി അഞ്ചോളം അഗ്നിരക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയത്. ഓടുമേഞ്ഞ മേൽക്കൂര പൊളിച്ചാണ് ഫയർഫോഴ്സ് അകത്തേക്ക് വെള്ളം പമ്പ് ചെയ്തത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.















