ന്യൂഡൽഹി: പസഫിക് സമുദ്രത്തിൽ അതിവേഗം ശക്തിപ്രാപിക്കുന്ന സൂപ്പർ എൽ നിനോ പ്രതിഭാസം മൂലം 2027-ഓടെ ആഗോള സമ്പദ്വ്യവസ്ഥയിൽ നിന്ന് ഏകദേശം 451 ബില്യൺ ഡോളറിന്റെ (ഏകദേശം 40.6 ലക്ഷം കോടി രൂപ) കനത്ത നഷ്ടമുണ്ടാകാൻ സാധ്യതയെന്ന് പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമായ അലയൻസ് റിസർച്ചിന്റെ റിപ്പോർട്ട്.
ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ രൂക്ഷമാകുന്നതും പ്രകൃതിദുരന്തങ്ങൾ വർധിക്കുന്നതും ഉൽപ്പാദന-വിതരണ മേഖലകളെയും കാർഷിക രംഗത്തെയും ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വരൾച്ച, കടുത്ത ഉഷ്ണതരംഗം, ക്രമരഹിതമായ മഴ എന്നിവ കാരണം വിളനാശവും ഭക്ഷ്യവസ്തുക്കളുടെ രൂക്ഷമായ വിലക്കയറ്റവും ലോകരാജ്യങ്ങളിൽ നേരിടേണ്ടി വരും.
വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകളെയായിരിക്കും ഈ പ്രതിഭാസം ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുക. ഊർജ്ജ ആവശ്യകത വർധിക്കുന്നതും ഇൻഷുറൻസ് മേഖലയിലെ നഷ്ടങ്ങളും സാമ്പത്തിക വളർച്ചയുടെ വേഗത കുറയ്ക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.















