തിരുവനന്തപുരം: എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്‌സ് പ്രതിനിധികൾ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. പ്രധാന ആവശ്യങ്ങളോട് സർക്കാർ അനുകൂലമായി പ്രതികരിക്കാത്തതിനെ തുടർന്ന് സമരം ശക്തമായി തുടരാനാണ് തീരുമാനമെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചു.
അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആയി കുറയ്ക്കുക എന്നതായിരുന്നു ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യം. എന്നാൽ ഈ അനുപാതം കുറയ്ക്കാൻ സർക്കാർ തയ്യാറല്ലെന്ന് ചർച്ചയിൽ വ്യക്തമാക്കിയതായി സമരക്കാർ പറഞ്ഞു. അനുപാതം കുറയ്ക്കാതെ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിനൽകിയിട്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടി.
സർക്കാരിന് സാമ്പത്തിക ബാധ്യത വരുത്തിവെക്കാത്ത അഞ്ച് പ്രധാന ആവശ്യങ്ങളാണ് ചർച്ചയിൽ മുന്നോട്ടുവെച്ചത്. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം തുടരുന്നത്. 1:25 എന്ന റേഷ്യോ മാറ്റാതെ റാങ്ക് ലിസ്റ്റിലുള്ള ആർക്കും ജോലി ലഭിക്കില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കും വരെ പോരാട്ടം തുടരുമെന്നും സമരക്കാർ വ്യക്തമാക്കി.















