തിരുവനന്തപുരം: മിൽമയ്ക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. വയനാട്ടിൽ ആരംഭിക്കുന്ന സ്വകാര്യ ഡയറി പ്രോജക്റ്റിന് വഴിവിട്ട സഹായം നൽകുന്നതിനാണ് മലബാർ മിൽമ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. ഒളിഞ്ഞും തെളിഞ്ഞും മിൽമ എന്ന പ്രസ്ഥാനത്തെ തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മലബാർ യൂണിയൻ പിരിച്ചുവിട്ടപ്പോൾ എറണാകുളം യൂണിയനെ നിലനിർത്തിയത് വ്യക്തമായ രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയാണെന്ന് കെ.എസ്. മണി വിമർശിച്ചു. വിഷയത്തിൽ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് തികച്ചും അപക്വമായ പ്രതികരണമാണ്. മിൽമയുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള വീഴ്ചയോ അഴിമതിയോ ഉണ്ടായിട്ടില്ല. ആരോപണങ്ങളിൽ വാസ്തവമുണ്ടെങ്കിൽ ക്രൈംബ്രാഞ്ചോ വിജിലൻസോ വന്ന് അന്വേഷണം നടത്തട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഭരണസമിതിയെ പിരിച്ചുവിടുന്ന നടപടികൾ പൂർണ്ണമായും നിയമാനുസൃതമായിരിക്കണം. ഈ വിഷയത്തിൽ ക്ഷീരവികസന വകുപ്പ് ഡയറക്ടർക്ക് ഔദ്യോഗികമായി കത്തുനൽകിയിട്ടുണ്ടെന്നും, അടിയന്തരമായി നാളെ മിൽമയുടെ പൊതുയോഗം വിളിച്ചുചേർക്കുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.















