പെരിയ: പെരിയ കേന്ദ്ര സർവ്വകലാശാലയിൽ രജിസ്ട്രാറും ഫിനാൻസ് ഓഫീസറും അടക്കമുള്ള സുപ്രധാന ഭരണപരമായ തസ്തികകളിൽ സ്ഥിരം നിയമനം നടത്താത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി സർവ്വകലാശാലയിലെ രജിസ്ട്രാർ പദവി ഒഴിഞ്ഞു കിടക്കുകയാണ്. ഇതിനുപുറമേ ഫിനാൻസ് ഓഫീസർ, ലൈബ്രേറിയൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ തുടങ്ങിയ തസ്തികകളിലും നിലവിൽ സ്ഥിര നിയമനങ്ങളില്ല.
ലീഗൽ സെൽ ഡയറക്ടർ, പർച്ചേസ് സെക്ഷൻ ഡെപ്യൂട്ടി രജിസ്ട്രാർ, റിസർച്ച് ആൻ്റ് ഡെവലപ്മെൻറ് സെൽ മേധാവി, എസ്റ്റേറ്റ് സെക്ഷൻ ജോയിൻ്റ് ഡയറക്ടർ, വി.സി.യുടെ സ്പെഷ്യൽ ഓഫീസർ തുടങ്ങിയ തസ്തികകളുടെ ചുമതലകളും നിലവിൽ അധ്യാപകർക്കാണ് അധികമായി നൽകിയിരിക്കുന്നത്. ഇൻ-ചാർജ് ഭരണത്തിൽ അധ്യാപകർക്ക് ഭരണപരമായ ചുമതലകൾ കൂടി നിർവ്വഹിക്കേണ്ടി വരുന്നതിനാൽ കൃത്യമായി ക്ലാസുകൾ എടുക്കാൻ സാധിക്കുന്നില്ലെന്നും, ഇത് തങ്ങളുടെ പഠനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.















