കോട്ടയം: ഈരാറ്റുപേട്ട-വാഗമൺ റോഡിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽപ്പെട്ടു മരണമടഞ്ഞ തമിഴ്‌നാട് തിരുവള്ളൂർ സ്വദേശിനി സംഗീത അരുൾലാലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. പാലാ ജനറൽ ആശുപത്രിയിൽ ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണന്റെ മേൽനോട്ടത്തിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായത്. സംഗീതയുടെ ഭർത്താവ് വെങ്കിടേഷും സുഹൃത്തുക്കളും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
വേലത്തുശ്ശേരിക്ക് സമീപം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴായിരുന്നു സംഗീത അപകടത്തിൽപ്പെട്ടത്. സർക്കാരിന്റെ നിർദേശപ്രകാരം മീനച്ചിൽ ഡെപ്യൂട്ടി തഹസിൽദാർ മജോഷ് മൈക്കിളിന്റെ നേതൃത്വത്തിലുള്ള സംഘം ആംബുലൻസിനെ കുമളി ചെക്ക് പോസ്റ്റ് വരെ അനുഗമിച്ചു. കുമളി ചെക്ക് പോസ്റ്റിൽ വെച്ച് കമ്പം തഹസിൽദാർ തമിഴ്‌നാട് സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി തുടർനടപടികൾ സ്വീകരിച്ചു.
ജില്ലയുടെ ചുമതലയുള്ള ജലവിഭവ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, ആന്‍റോ ആന്‍റണി എം.പി, എം.എല്‍.എമാരായ മാണി സി. കാപ്പന്‍, എന്‍.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ മരമണടഞ്ഞവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി പാലാ ആര്‍.ഡി.ഒ ഇരുവര്‍ക്കും റീത്തു സമര്‍പ്പിച്ചു.















