തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന നിർദേശത്തിനെതിരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) ഹൈക്കോടതിയെ സമീപിച്ചു. പിഎസ്‌സി ചെയർമാനും അംഗങ്ങളും ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തണമെന്ന അന്വേഷണസംഘത്തിന്റെ നിലപാടിനെ ചോദ്യം ചെയ്താണ് ഹർജി.
ആസൂത്രണ ബോർഡിലെ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് പിഎസ്‌സിക്കെതിരെ ഉയർന്നത്. തുടർന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനായി തങ്ങളുടെ ആസ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിഎസ്‌സി ഇതിന് തയ്യാറായിരുന്നില്ല. മുൻപ് നിയമസഭാ പെറ്റീഷൻ സമിതി വിളിച്ചപ്പോൾ സെക്രട്ടറി പോകേണ്ടതില്ലെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പിഎസ്‌സി ഇതിനെ പ്രതിരോധിച്ചത്. എന്നാൽ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാകാൻ പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയൊന്നുമില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിലെത്തി മൊഴിയെടുക്കേണ്ടതില്ലെന്നും ക്രിമിനൽ അന്വേഷണത്തിൽ അംഗങ്ങൾക്ക് പ്രത്യേക പരിരക്ഷയില്ലെന്നും ക്രൈംബ്രാഞ്ചിന് ലഭിച്ച നിയമോപദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് പറയുന്ന സ്ഥലത്ത് എത്തിയേ തീരൂ എന്ന നിലപാടിൽ അന്വേഷണസംഘം ഉറച്ചുനിൽക്കുകയും ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗം പിഎസ്‌സിക്ക് കത്ത് നൽകാൻ ഒരുങ്ങുകയും ചെയ്ത ഘട്ടത്തിലാണ് പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചത്.















