പാലാ: കേരളത്തിലെ പ്രഥമ സിവിൽ സർവീസ് പരിശീലനകേന്ദ്രമായ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നാലാമത്തെ പ്രിൻസിപ്പലായി പ്രൊഫ. ഡോ. സിബി ജയിംസ് ചുമതലയേറ്റു. ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ മോൺ. സെബാസ്റ്റ്യൻ വേത്താനത്തിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജ് പ്രിൻസിപ്പലായി വിരമിച്ച ഡോ. സിബി ജയിംസ്, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അക്കാദമിക-അധ്യാപന രംഗത്തെ പരിചയസമ്പന്നനാണ്.
പാലാ രൂപത ചീങ്കല്ലേൽ ഇടവകാംഗമായ അദ്ദേഹം ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ (JNU) നിന്ന് ഒന്നാം റാങ്കോടെയാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.
കൂടാതെ എം.എ. മലയാളം, പി.എച്ച്.ഡി. ബിരുദങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും നെറ്റ് ജെ.ആർ.എഫും നേടിയിട്ടുണ്ട്. സെന്റ് തോമസ് കോളേജിന് ഓട്ടോണമസ് പദവി ലഭിച്ച പ്രാരംഭഘട്ടത്തിൽ സ്ഥാപനത്തെ വിജയകരമായി നയിച്ചതും, കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭാരത രാഷ്ട്രപതിയെ കോളേജിൽ വരവേൽക്കുന്നതിന് നേതൃത്വം നൽകിയതും അദ്ദേഹത്തിന്റെ അക്കാദമിക-ഭരണ മികവിന് തെളിവാണ്.
മുപ്പത്തിമൂന്ന് വർഷത്തെ അധ്യാപന പരിചയവും മത്സരപ്പരീക്ഷാ പരിശീലന രംഗത്തെ ദീർഘകാല അനുഭവ സമ്പത്തുമാണ് ഡോ. സിബി ജയിംസിനെ ഈ പ്രമുഖ സ്ഥാപനത്തിന്റെ അമരത്തേക്ക് എത്തിച്ചിരിക്കുന്നത്.















