ഏറ്റുമാനൂർ: അനാഥത്വവും രോഗാവസ്ഥയും മൂലം മരണത്തിന് കീഴടങ്ങിയ വയോധികന് മാന്യമായ യാത്രയയപ്പ് നൽകി ഏറ്റുമാനൂർ മുനിസിപ്പൽ കൗൺസിലറും പ്രാദേശിക പൊതുപ്രവർത്തകരും. ഏറ്റുമാനൂർ നഗരസഭ 33-ാം വാർഡിലെ വാലുതുണ്ടത്തിൽ പൊന്നപ്പനാണ് (ടി.ബി രോഗം മൂലം) കോട്ടയം ജില്ലാ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്.
രോഗം കലശലായതിനെ തുടർന്ന് ആരുമില്ലാതെ വീട്ടിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന പൊന്നപ്പന്റെ അവസ്ഥ സ്റ്റാർ വിഷൻ ന്യൂസ് വഴിയാണ് പുറംലോകമറിഞ്ഞത്. തുടർന്ന് 33-ാം വാർഡ് കൗൺസിലറായ സൂസി തോമസിന്റെ നേതൃത്വത്തിൽ രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ വെള്ളിയാഴ്ച ചികിത്സയിലിരിക്കെ പൊന്നപ്പൻ മരണമടഞ്ഞു.
അടുത്ത ബന്ധുക്കളോ പരിചരിക്കാൻ ആളുകളോ ഇല്ലാതിരുന്നതിനെ തുടർന്ന് കൗൺസിലർ സൂസി തോമസ് അന്ത്യകർമ്മങ്ങൾക്ക് മുൻകൈയെടുക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി ഏറ്റുമാനൂർ മുനിസിപ്പൽ പൊതുശ്മശാനത്തിൽ എത്തിച്ച് സംസ്കരിച്ചു. ബന്ധുസ്ഥാനത്തുനിന്ന് അന്ത്യപ്രാർത്ഥനകൾ ചൊല്ലിയതും കൗൺസിലറാണ്. കോൺഗ്രസ് നേതാവും ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ ജോയ് പൂവംനിൽക്കുന്നതിൽ, സജി നരിയൻകുന്നേൽ എന്നിവർ മൃതദേഹം ഏറ്റുവാങ്ങാനും സംസ്കാരച്ചടങ്ങുകൾ ഏകോപിപ്പിക്കാനും മുന്നിൽനിന്നു.















