പാലാ: പാലാ സെന്റ് തോമസ് കോളേജിൽ ആവേശം വാനോളമുയർത്തി നടക്കുന്ന 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരാട്ടങ്ങൾ ഇന്ന് (വെള്ളിയാഴ്ച) നടക്കും. സെന്റ് തോമസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ വനിതാ, പുരുഷ വിഭാഗങ്ങളിൽ വൻ ശക്തികളാണ് കിരീടത്തിനായി കോർട്ടിലിറങ്ങുന്നത്.
ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന വനിതാ വിഭാഗം ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് പാലാ അൽഫോൻസാ കോളേജിനെ നേരിടും. കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ സെന്റ് ജോസഫ്സ് ഇരിങ്ങാലക്കുടയെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് (25-18, 25-12, 25-18) പരാജയപ്പെടുത്തിയാണ് അൽഫോൻസാ കോളേജ് ഫൈനലിൽ പ്രവേശിച്ചത്. കിരീടം നിലനിർത്താൻ അസംപ്ഷൻ കോളേജും ആതിഥേയ മണ്ണിൽ കിരീടം തിരിച്ചുപിടിക്കാൻ അൽഫോൻസാ കോളേജും ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറും.
ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന പുരുഷ വിഭാഗം കലാശപ്പോരാട്ടത്തിൽ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ പാലാ സെന്റ് തോമസ് കോളേജ് അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ടുമായി ഏറ്റുമുട്ടും. സെമിഫൈനലിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനെ ആദ്യ സെറ്റ് കൈവിട്ട ശേഷം ശക്തമായി തിരിച്ചുവന്ന് നാലു സെറ്റുകളുടെ (19-25, 25-23, 27-25, 25-22) പോരാട്ടത്തിൽ കീഴടക്കിയാണ് അങ്കമാലി ഡീ പോൾ ഫൈനലിൽ കടന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ കിരീടം സംരക്ഷിക്കാൻ സെന്റ് തോമസ് ഇറങ്ങുമ്പോൾ അട്ടിമറി വിജയത്തിലൂടെ കന്നി കിരീടമാണ് ഡീ പോളിന്റെ ലക്ഷ്യം.















