പൂച്ചയെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ വയോധികൻ കരയ്ക്ക് കയറാനാകാതെ കിണറ്റിൽ കുടുങ്ങി. ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി കല്ലുങ്കൽ കോളനിയിലായിരുന്നു സംഭവം. കല്ലുങ്കൽ കോളനി
സ്വദേശിയായ മുഹമ്മദ് ഷരീഫ് (62) ആണ് കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ ഇറങ്ങിയ ശേഷം കുടുങ്ങിയത്.
ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരനായ ഫർസിൽ എന്നയാൾ ഉടൻ തന്നെ കിണറ്റിലിറങ്ങി മുഹമ്മദ് ഷരീഫിനെ സുരക്ഷിതമായി കസേരയിൽ കെട്ടിയിരുത്തി അപകടസാധ്യത ഒഴിവാക്കി. തുടർന്ന് വിവരമറിഞ്ഞെത്തിയ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം ക്രെയിനും കയറും ഉപയോഗിച്ച് മുഹമ്മദ് ഷരീഫിനെയും ഒപ്പം പൂച്ചയെയും സുരക്ഷിതമായി കരയ്ക്ക് കയറ്റുകയായിരുന്നു.















