പാലാ: സെന്റ് തോമസ് കോളേജ് (ഓട്ടോണമസ്) ആതിഥേയത്വം വഹിക്കുന്ന 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജ് ഫൈനലിൽ പ്രവേശിച്ചു. സെന്റ് തോമസ് കോളേജിലെ ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ദിന മത്സരത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അസംപ്ഷന്റെ മുന്നേറ്റം (സ്കോർ: 25–12, 25–19, 25–19). മത്സരത്തിലെ മികച്ച താരമായി അസംപ്ഷൻ കോളേജിന്റെ നിയ അനിലിനെ തിരഞ്ഞെടുത്തു.
പുരുഷ വിഭാഗത്തിൽ നടന്ന ആദ്യ മത്സരത്തിൽ കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി, എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് കീഴടക്കി (സ്കോർ: 25–18, 25–16, 25–19). ദേവഗിരിയുടെ ജോയൽ ആണ് മാച്ച് ഓഫ് ദി മാച്ച്.
ചാമ്പ്യൻഷിപ്പിൽ ബുധനാഴ്ച നിർണായക മത്സരങ്ങൾ അരങ്ങേറും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന മത്സരത്തിൽ അങ്കമാലി ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട്, ചെളന്നൂർ ശ്രീനാരായണ കോളേജിനെ നേരിടും. വൈകിട്ട് 3 മണിക്ക് നടക്കുന്ന സെമിഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജുമായി ഏറ്റുമുട്ടും. ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ സെപ്റ്റംബർ 11 വെള്ളിയാഴ്ച നടക്കും.















