കുറവിലങ്ങാട്: പ്രാർത്ഥനയുടെയും പ്രത്യാശയുടെയും നിറവിൽ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന പള്ളിയിലേക്ക് മുത്തിയമ്മ തീർത്ഥാടനവും ജപമാല റാലിയും സംഘടിപ്പിച്ചു. എസ്.എം.വൈ.എം. (SMYM) ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കിയ തീർത്ഥാടനത്തിൽ നൂറോളം യുവജനങ്ങൾ പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് 2.30-ന് പനംകുഴയ്ക്കൽ വല്യച്ചന്റെ സ്മാരകത്തിന് മുൻപിൽ നിന്ന് ഭക്തിനിർഭരമായ ജപമാല റാലി ആരംഭിച്ചു. ജീവിതഭാരങ്ങളും ഹൃദയനൊമ്പരങ്ങളും പരിശുദ്ധ അമ്മയുടെ തിരുമുൻപിൽ സമർപ്പിച്ച് പ്രാർത്ഥനാപൂർവ്വമാണ് യുവജനങ്ങൾ അണിനിരന്നത്. തുടർന്ന് കുറവിലങ്ങാട് പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയിലും ഇവർ പങ്കെടുത്തു.
ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് അലക്സ് മഞ്ഞുമ്മേൽ, ഡയറക്ടർ ഫാ. സാവിയോ മാനാട്ട്, കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ് ജോമോൻ ഫിലിപ്പ്, ഡയറക്ടർ ഫാ. ജിക്കു നരിപ്പാറയിൽ, പാലാ രൂപത പ്രസിഡന്റ് മിജോ ജോയി, ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ആർച്ച് പ്രീസ്റ്റ് ഫാ. തോമസ് മേനാച്ചേരി, ഫാ. ജോസഫ് ചൂരയ്ക്കൽ തുടങ്ങി രൂപതാ, ഫൊറോനാ, യൂണിറ്റ് ഭാരവാഹികൾ തീർത്ഥാടനത്തിന് നേതൃത്വം നൽകി.

















