അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം, വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമെതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അധികാരത്തിന്റെ ഉന്നതപീഠങ്ങളേക്കാൾ അധ്യാപനത്തിന്റെ നന്മയിൽ വിശ്വസിച്ച മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ സ്മരണ പുതുക്കിയാണ് റോജി എം. ജോൺ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. രവീന്ദ്രനാഥ് ടാഗോറിന്റെ ശാന്തിനികേതനും വിശ്വഭാരതിയും മുതൽ എപിജെ അബ്ദുൾ കലാം വരെയുള്ളവർ തലമുറകൾക്ക് പകർന്നുനൽകിയത് സ്വപ്നം കാണാനും
ആകാശത്തോളം ചിറകടിച്ചുയരാനുമുള്ള ധൈര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സുകുമാർ അഴീക്കോട്, ഒഎൻവി കുറുപ്പ്, എംജിഎസ്. നാരായണൻ, പ്രൊഫ. എം. ലീലാവതി തുടങ്ങിയ പ്രഗല്ഭരായ അധ്യാപകർ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ചോദ്യം ചെയ്യാനും കലഹിക്കാനും തിരുത്താനുമുള്ള ആർജവമാണ് തലമുറകൾക്ക് പകർന്നുനൽകിയതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.

















