കുറവിലങ്ങാട്: കുറവിലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു വരുന്ന ഹരിതോത്സവത്തിന് ശനിയാഴ്ച സമാപനമാകും. ഭക്ഷ്യ സ്വയംപര്യാപ്തത യജ്ഞം, കർക്കിടക ഞാറ്റുവേല എന്നിവയുടെ ഭാഗമായി സംഘടിപ്പിച്ച അലങ്കാര, പുഷ്പ, ഫലവൃക്ഷ പ്രദർശനത്തിനും വിപണനത്തിനുമാണ് ശനിയാഴ്ച തിരശീല വീഴുന്നത്.
കാർഷിക ഫലവൃക്ഷ പ്രചാരക സമിതി, ഫാർമേഴ്സ് അസോസിയേഷൻ, ഹരിത കേന്ദ്രം, സൗത്ത് സോൺ അഗ്രികൾച്ചർ ഫാം എന്നിവർ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചാണ് മേള സംഘടിപ്പിച്ചത്. ഓഗസ്റ്റ് 15-ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത ഹരിതോത്സവത്തിന് വൻ ജനപിന്തുണയാണ് ലഭിച്ചത്. രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
















