ഏറ്റുമാനൂർ: ഏറ്റുമാനൂർ സാൻജോസ് സ്കൂളിൽ ഓണാഘോഷം വിവിധ കലാ-കായിക പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ഷെറിൻ അധ്യക്ഷത വഹിച്ച ആഘോഷ ചടങ്ങുകൾക്ക് തുടക്കമായി. കൊടുവത്താനം സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ചർച്ച് വികാരി ഫാദർ ലൂക്ക് കരിമ്പിൽ യോഗത്തിൽ അനുഗ്രഹ പ്രസംഗം നടത്തി.
നഗരസഭ ഉപാധ്യക്ഷ പുഷ്പ വിജയകുമാർ, പിടിഎ പ്രസിഡന്റ് മുരളി വേങ്ങത്ത്, പ്രിൻസിപ്പൽ സിസ്റ്റർ അനുപമ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ കലാ-കായിക മത്സരങ്ങൾ പരിപാടികൾക്ക് മാറ്റുകൂട്ടി. മാവേലിമന്നന്റെ സാനിധ്യവും, പ്രത്യേകമായി സംഘടിപ്പിച്ച പുരുഷന്മാരുടെ സാരിയുടുക്കൽ മത്സരവും കാണികളിൽ ഏറെ കൗതുകവും ശ്രദ്ധയും ഉണർത്തി. തുടർന്ന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. മത്സരങ്ങളിൽ വിജയിച്ചവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
















