ഝാർഖണ്ഡിലെ വിദ്യാർഥി പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി സർക്കാർ. ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് വേണ്ടി ടിഡിപിഎല്‍ ഏജന്‍സി നടത്തിയ CGL ഉൾപ്പെടെയുള്ള എല്ലാ പരീക്ഷയും സംസ്ഥാന സർക്കാർ റദ്ദാക്കി. പ്രസിദ്ധീകരിച്ച ഫലങ്ങളും നിയമനങ്ങളും അസാധുവാക്കി. 2014 മുതല്‍ നടത്തിയ എല്ലാ പരീക്ഷകളിലും സിഐഡി അന്വേഷണം നടത്തും. തീരുമാനം മുഖ്യമന്ത്രി ഹേമന്ത് സോറനുമായി രാഹുല്‍ ഗാന്ധി സംസാരിച്ചതിന് പിന്നാലെ. മൂന്നാഴ്ച നീണ്ട സമരം അവസാനിപ്പിച്ച് വിദ്യാർഥികൾ ആഹ്ലാദപ്രകടനം നടത്തി.
വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോ നിരാഹാരസമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി ഹേമന്ത് സോറന് ദേവേന്ദ്ര നാഥ് മഹ്തോ നന്ദി അറിയിച്ചു.പ്രതിഷേധത്തിന്റെ മുഖമായിരുന്നു ദേവേന്ദ്ര മഹ്തോ. തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരെയും അഴിമതിക്കാരെയും പിടികൂടാൻ സർക്കാരിന് കഴിയുന്നു. പരീക്ഷാ പരിഷ്കരണ സമിതിക്ക് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അമിതാഭ് കൗശൽ ആയിരിക്കും നേതൃത്വം നൽകുക.
അതേസമയം,CGL പരീക്ഷ റദ്ദാക്കിയ തീരുമാനത്തിൽ പ്രതിഷേധവുമായി പരീക്ഷ പാസായ ഉദ്യോഗാർഥികൾ രംഗത്തെത്തി. പരീക്ഷ റദ്ദാക്കിയ തീരുമാനം സർക്കാർ പിൻവലിക്കണമെന്നാണ് ആവശ്യം. സർക്കാർ ഞങ്ങളെ പെരുവഴിയിലാക്കിയെന്ന് പ്രതിഷേധക്കാർ പറഞ്ഞു.പരീക്ഷ റദ്ദാക്കിയത് കോടതി വിധിയോടുള്ള അനാദരവാണെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി.
















