ഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ നടന്ന സാമ്പത്തിക-കരാർ തട്ടിപ്പുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വിശ്വാസവഞ്ചന കാണിച്ചതായി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (AFA) ഇ-മെയിൽ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
സ്പോൺസർ കരാർ നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്നാണ് ആദ്യ കരാർ റദ്ദാക്കിയത്. ആകെ മൂന്ന് തവണയാണ് വിഷയത്തിൽ കരാറിൽ ഏർപ്പെട്ടത്. ഇതിൽ രണ്ടുതവണയും കരാർ ലംഘനം നടത്തിയത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണെന്ന് എ.എഫ്.എ വ്യക്തമാക്കുന്നു.
2024 ഡിസംബർ 24-നായിരുന്നു ആദ്യ കരാർ ഒപ്പിട്ടത്. എന്നാൽ സ്പോൺസർമാർ ഇതിലെ വ്യവസ്ഥകൾ ലംഘിച്ചതോടെ ആദ്യ കരാർ റദ്ദാക്കുകയായിരുന്നുവെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ വിശദീകരിക്കുന്നു















