കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കുന്നു. കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഗൗതം കൃഷ്ണന്റെ വസതിയിൽ ഉച്ചയ്ക്ക് 12 മണിയോടെ മുഖ്യമന്ത്രി എത്തും. അപകടത്തിൽ മരണപ്പെടുകയും കാണാതാവുകയും ചെയ്ത മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെയും അദ്ദേഹം സന്ദർശിക്കും. പ്രാദേശിക എം.എൽ.എയും മന്ത്രിയുമായ ശ്രീ. ഷിബു ബേബി ജോണും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.
അതേസമയം, മുതലപ്പൊഴിയിൽ കാണാതായ ഷിജിനു വേണ്ടിയുള്ള തിരച്ചിൽ ശക്തമായി തുടരുകയാണ്. ഇന്നലെ പ്രാദേശിക സ്കൂബ ടീം തിരച്ചിൽ നടത്തിയെങ്കിലും പുരോഗതിയില്ലാത്തതിനെ തുടർന്ന് വൈകുന്നേരത്തോടെ നാവികസേനയുടെ ‘ഐ.എൻ.എസ് കൽപേനി’ കപ്പലിലെ പ്രൊഫഷണൽ സ്കൂബ സംഘം തിരച്ചിൽ ഏറ്റെടുത്തു. ഇന്നും ഇവിടെ പരിശോധന തുടരും. വിഴിഞ്ഞത്തുനിന്ന് കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസിനായി കോസ്റ്റ് ഗാർഡിന്റെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും വള്ളങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലും തുടരുകയാണ്.















