ദുബായിലെ അൽ കുദ്ര മേഖലയിൽ നിർമ്മിച്ച പുതിയ നാലുവരി മേൽപ്പാലവും അനുബന്ധ റോഡുകളും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഗതാഗതത്തിനായി തുറന്നുകൊടുത്തു. അൽ കുദ്ര സിറ്റിയിൽ നിന്നും ഉം സുഖീം ഭാഗത്തേക്കുള്ള വാഹനത്തിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് 700 മീറ്റർ നീളമുള്ള ഈ മേൽപ്പാലം നിർമ്മിച്ചിരിക്കുന്നത്.
പുതിയ മേൽപ്പാലം പ്രാവർത്തികമായതോടെ ഇവിടുത്തെ പ്രധാന ഇന്റർസെക്ഷനിലെ കാത്തിരിപ്പ് സമയം ഏഴ് മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറഞ്ഞു. ഏകദേശം 85 ശതമാനം സമയലാഭമാണ് ഇതുവഴി ഉണ്ടാകുന്നത്. മണിക്കൂറിൽ 6,000 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ശേഷിയുള്ളതാണ് പുതിയ മേൽപ്പാലം. പദ്ധതി പൂർണ്ണമായതോടെ റോഡിന്റെ ആകെ വാഹന ശേഷി മണിക്കൂറിൽ 7,800-ൽ നിന്ന് 19,400 ആയി ഉയർന്നു.
പദ്ധതിയുടെ ഒന്നാം ഘട്ടം കഴിഞ്ഞ ഫെബ്രുവരിയിൽ തുറന്നുകൊടുത്തിരുന്നു. നാലാം ഘട്ടമായ അൽ കുദ്രയിൽ നിന്ന് ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലേക്കുള്ള റോഡ് വികസനം ഈ വർഷ അവസാനത്തോടെ പൂർത്തിയാകുമെന്ന് ആർ.ടി.എ അറിയിച്ചു.















