ബാങ്കോക്ക്: തായ്ലൻഡിൽ സ്കൂളിലുണ്ടായ വെടിവെപ്പിൽ അക്രമിയായ വിദ്യാർത്ഥിയും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. നാല് പേർക്ക് പരുക്കേറ്റു. തായ്ലൻഡിലെ നോന്തബുരി പ്രവിശ്യയിലുള്ള ദേബ്സിരിൻ നോന്തബുരി ഹൈസ്കൂളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
സ്കൂളിലെ വിദ്യാർത്ഥി തന്നെയാണ് വെടിവെപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം ഇയാൾ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്കും ഒരു അധ്യാപകനുമാണ് പരുക്കേറ്റത്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി.
സംഭവം നടക്കുന്ന സമയത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിലുണ്ടായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തകരെത്തി വിദ്യാർത്ഥികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ആക്രമണത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും നോന്തബുരി പോലീസ് അറിയിച്ചു.















