ഏറ്റുമാനൂര്‍: ഗൈനക്കോളജി വിദഗ്ധരുടെ മൂന്നാമത് രാജ്യാന്തര കോണ്‍ക്ലേവ് ജെസ്റ്റിക്കോണ്‍-26 ശനിയാഴ്ചയും ഞാറാഴ്ചയുമായി ഗ്രാന്‍ഡ് അരീന കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗൈനക്കോളജി ചികിത്സാ വിദഗ്ധരുടെ സംഘടനയായ കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി (കെഫോഗ്)യും കോട്ടയം ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റി (കോഗ്സ്)യും ചേര്‍ന്നാണ് സമ്മേളനം നടത്തുന്നത്.
ഒബ്സ്റ്റട്രിക്സ്, ഫീറ്റല്‍ മെഡിസിന്‍, ജനിതകശാസ്ത്രം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശത്തു നിന്നടക്കമുള്ള 600 ഡോക്ടര്‍മാര്‍ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുമായി 100 പിജി വിദ്യാര്‍ഥികളും സമ്മേളനത്തിനെത്തും. ശനിയാഴ്ച്ച രാവിലെ എട്ടു മുതല്‍ 3.30 വരെ ലേബര്‍, അള്‍ട്രാ സൗണ്ട്, സിസേറിയന്‍, ക്രിട്ടിക്കല്‍ കെയര്‍, മെഡിക്കോ ലീഗല്‍ കേസുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശില്‍പ്പശാലകള്‍ നടക്കും. ഗ്രാന്‍ഡ് അരീന കണ്‍വന്‍ഷന്‍ സെന്ററിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിലെ ഡിജെ ഹാളിലുമായാണ് ശില്‍പ്പശാലകള്‍ നടക്കുക. വൈകിട്ടഏഴിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി (കെഫോഗ്) സംസ്ഥാന പ്രസിഡന്റ് ഡോ. ടി.ഫെസി ലൂയിസ് അധ്യക്ഷത വഹിക്കും.
ഞായറാഴ്ച്ച രാവിലെ എട്ടുമുതല്‍ മെറ്റേണല്‍ മെഡിസിന്‍, ഫീറ്റല്‍ മെഡിസിന്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും നടക്കും. ഡോ. ജെ രവിചന്ദ്രന്‍ (മലേഷ്യ), ഡോ. കീപ്രോസ് നിക്കോളൈഡ്സ്(യുകെ), ഡോ. ആല്‍ബറോ ജോസെ നീറ്റോ (കൊളംബിയ) എന്നിവര്‍ ചര്‍ച്ചകള്‍ നയിക്കും. പിജി വിദ്യാര്‍ഥികള്‍ പ്രബന്ധങ്ങളും പോസ്റ്ററുകളും
അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യരംഗത്തെ വിവിധ മേഖലകളെ സമന്വയിപ്പിച്ച് 25 സ്റ്റാളുകളും ഒരുക്കും. വൈകിട്ട് 4.30ന് സമാപന സമ്മേളനം.
സംഘാടക സമിതി ചെയര്‍പേഴ്സണ്‍ ഡോ. അനിത കെ, ഗോപാല്‍, സംഘാടക സമിതി സെക്രട്ടറിമാരായ ഡോ. വൈ.എസ്.സുശാന്ത് , ഡോ. രാജു ആര്‍.നായര്‍, സംഘാടക സമിതി ജോയിന്റ് സെക്രട്ടറി ഡോ. അജയ് കുമാര്‍, സയന്റിഫിക് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ.ആര്‍, ബീനാകുമാരി, ജനറല്‍ കണ്‍വീനര്‍ ഡോ.കെ എം.ബിന്ദു , സംഘാടക സമിതി ജോയിന്റ് ട്രഷറര്‍ ഡോ. ഡി.റെജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.















