മാവേലി സ്റ്റോറിൽ അരി തീർന്നു. ആലപ്പുഴ തലവടിയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രതിസന്ധി. പുതിയ സ്റ്റോക്കിനായി രാവിലെ എട്ടു മണി മുതൽ കാത്തിരിപ്പ്. ക്യാമ്പിൽ പോകാനാവാത്തവർ ഒരുമിച്ച് ഭക്ഷണം വെയ്ക്കുന്ന കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളിലും പ്രതിസന്ധി. ചങ്ങനാശേരി ടൗൺ എൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതബാധിതർക്ക് വേണ്ടത്ര ഭക്ഷണം
ലഭ്യമാക്കിയില്ലെന്നും പരാതി ഉയർന്നിരുന്നു. എന്നാൽ അധികൃതർ പരാതി നിസാരവത്കരിച്ചതോടെ ക്യാമ്പിൽ ഭക്ഷണവിതരണത്തെച്ചൊല്ലി പ്രതിഷേധവും വാഗ്വാദവുമുണ്ടായി. പായിപ്പാട് പഞ്ചായത്ത് ഒന്നാം വാർഡ് പൂവം പ്രദേശത്തുനിന്ന് ക്യാമ്പിലെത്തിയ അന്തേവാസികൾക്ക് കൃത്യസമയത്ത് ഭക്ഷണം നൽകിയില്ലെന്ന ആരോപണമാണ് ഉയർന്നത്. എന്നാൽ സംഭവം ബോധപൂർവ്വം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന വാദവുമായി എംഎൽഎ അടക്കമുള്ള അധികൃതരും രംഗത്തെത്തിയതോടെ ക്യാമ്പ് തർക്കവേദിയായി മാറി.















