കേൾവിക്കുറവ് ഏത് പ്രായക്കാരെയും ബാധിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തുടക്കത്തിൽ ചെറിയ തോതിൽ മാത്രം അനുഭവപ്പെടുന്നതിനാൽ പലരും ഇത് അവഗണിക്കാറുണ്ട്. എന്നാൽ കൃത്യസമയത്ത് പരിശോധനയും ചികിത്സയും ലഭിക്കാതെ പോയാൽ കേൾവിക്കുറവ് ക്രമേണ ഗുരുതരമായ കേൾവി വൈകല്യത്തിലേക്ക് നയിക്കാം. പ്രായമാകുന്നവരിൽ മിക്കവരും ശബ്ദം വ്യക്തമാകുന്നില്ല എന്ന
ലക്ഷണമായാണ് ആദ്യം ചികിത്സ തേടാറുള്ളത് . ദൂരെ നിന്നു പറയുന്നതു പോലെ കേൾക്കാമെങ്കിലും, കേൾക്കുന്നത് എന്താണെന്നു തിരിച്ചറിയാൻ സാധിക്കാതെ വരും. ഇത് കേൾവിക്കുറവിന്റെ തുടക്കമാണ് പലരും തിരിച്ചറിയാതെ പോകുന്നുണ്ട്. നേരത്തെയുള്ള രോഗനിർണയവും ആവശ്യമായ ചികിത്സയും, ഹിയറിംഗ് എയ്ഡ് പോലുള്ള കേൾവി സഹായ ഉപകരണങ്ങളുടെ സമയോചിതമായ ഉപയോഗവും കേൾവിശേഷി സംരക്ഷിക്കുന്നതിനും ആശയവിനിമയ ശേഷിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്.
മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകാം.
കേൾവിശേഷി കുറയുന്നത് പലപ്പോഴും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാറുണ്ട്. കേൾവിക്കുറവും ഹൃദയ-രക്തക്കുഴൽ രോഗങ്ങളും തമ്മിൽ ചിലപ്പോൾ ബന്ധമുണ്ടാകാറുണ്ട്.അതുപോലെ തന്നെ അൽഷിമേഴ്‌സ് ഡിമൻഷ്യ എന്നിവയുടെ സാധ്യത 5 മടങ്ങ് കൂടുതലുമാണ്. പ്രമേഹമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത രണ്ടിരട്ടിയും ദീർഘകാല വൃക്കരോഗമുള്ളവരിൽ കേൾവിശേഷി കുറയാനുള്ള സാധ്യത 40 % ത്തിൽ അധികവും കൂടുതലാണ്. ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.
കേൾവിശേഷി കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ.
കാലങ്ങൾകൊണ്ട് ചെവിയിൽ മെഴുക് അടിഞ്ഞുകൂടി ചെവിക്കുഴൽ അടയുകയും ശബ്ദതരംഗങ്ങൾ അകത്തേക്ക് കടക്കുന്നത് തടസ്സപ്പെടുകയും ചെയ്യാം. തലച്ചോർ സംബന്ധമായ രോഗങ്ങൾ, തലച്ചോറിൽ മുഴകൾ എന്നിവ ഉണ്ടായാൽ ആദ്യം ചെവിയിൽ മൂളൽ, കേൾവി തടസ്സപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇൻഫ്ലുവൻസ തുടങ്ങിയ വൈറൽ ഇൻഫെക്ഷൻ കാരണവും ചെവി അടഞ്ഞു കേൾവി തടസപ്പെടാറുണ്ട്.ഏത് പ്രായക്കാരെയും ഇത് ബാധിക്കാറുണ്ട്. ചില വേദനസംഹാരികൾ ഉയർന്ന അളവിൽ ഉപയോഗിക്കുന്നതും കേൾവിശേഷിയെ താൽക്കാലികമായോ സ്ഥിരമായോ ബാധിക്കാം. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നതും കേൾവി തടസ്സപെടുത്തുന്നതിനു ചിലപ്പോൾ ഇടയാക്കും. ചെവിക്കുള്ളിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിലൂടെയും കർണപടത്തിന്റെ ചലനം തടസ്സപ്പെടുകയും കേൾവി കുറയുകയും ചെയ്യും.തൊഴിൽസ്ഥലങ്ങളിൽ ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ജോലി ചെയ്യുന്നതും ചെവിക്കുള്ളിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കാം. കർണപടം പൊട്ടുന്നതും ഉയർന്ന ശബ്ദത്തിന് നിരന്തരം വിധേയരാകുന്നതും ആന്തരചെവിയിലെ ശ്രവണകോശങ്ങളെ നശിപ്പിക്കുകയും കേൾവിശേഷി കുറയാൻ ഇടയാക്കുകയും ചെയ്യും.
ഹിയറിംഗ് എയ്ഡുകളുടെ ഉപയോഗം
മിക്ക തരത്തിലുള്ള കേൾവിക്കുറവുകൾക്കും അനുയോജ്യമായ ഹിയറിംഗ് എയ്ഡുകൾ ഇപ്പോൾ ലഭ്യമാണ്. ആധുനിക ഹിയറിംഗ് എയ്ഡുകൾ ഏകദേശം 90% പേരിലും കേൾവിശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഏത് മോഡലാണ് അനുയോജ്യമെന്ന് ഓഡിയോളജിസ്റ്റിന്റെ നിർദേശപ്രകാരം തീരുമാനിക്കണം.ഇപ്പോഴുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകളിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള ശബ്ദങ്ങൾ മാത്രം ആവശ്യമായ അളവിൽ വർധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഓരോ വ്യക്തിയുടെയും കേൾവിശേഷിക്കനുസരിച്ച് ഓഡിയോളജിസ്റ്റ് ഇത് ക്രമീകരിച്ചുനൽകും. ആധുനിക ഹിയറിംഗ് എയ്ഡുകൾ വളരെ ചെറുതും ഭാരം കുറഞ്ഞതും ശ്രദ്ധയിൽപ്പെടാത്തതുമാണ്. ചിലത് ചെവിക്കുള്ളിൽ പൂർണമായും മറഞ്ഞിരിക്കും. പലപ്പോഴും മറ്റുള്ളവർക്ക് ഹിയറിംഗ് എയ്ഡ് ധരിച്ചിട്ടുണ്ടെന്ന് പോലും മനസ്സിലാകാറുമില്ല.മാർ സ്ലീവാ മെഡിസിറ്റി പാലായിലും ആധുനിക സജ്ജീകരണങ്ങളോടെ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഹിയറിംഗ് എയ്ഡ് ക്ലിനിക്കിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി 04822- 359900, 354900 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.















