യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയതന്ത്ര പ്രതിനിധികളുടെ സുപ്രധാന സന്ദർശനത്തിന് മുന്നോടിയായി റഷ്യയ്ക്ക് മുന്നിൽ താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം വച്ച് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. യു.എസ്. പ്രതിനിധികളുടെ സുരക്ഷ മുൻനിർത്തി
തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരുവിധ വ്യോമാക്രമണങ്ങളും ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ സെലൻസ്കി, സമാധാന ചർച്ചകൾ പൂർത്തിയാകുന്നതുവരെ റഷ്യയും വ്യോമാക്രമണങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു.
യുക്രൈൻ ഇന്റലിജൻസ് സർവീസ് ആസ്ഥാനത്തിന് നേരെ റഷ്യ പട്ടാപ്പകൽ നടത്തിയ രൂക്ഷമായ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് സെലൻസ്കിയുടെ ഈ പ്രഖ്യാപനം. ട്രംപിന്റെ പ്രത്യേക ദൂതന്മാരായ ജെറെഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും ശനി, ഞായർ ദിവസങ്ങളിലായി മോസ്കോയും കീവും സന്ദർശിക്കുമെന്ന് സെലൻസ്കി ടെലഗ്രാമിലൂടെ സ്ഥിരീകരിച്ചു. നാല് വർഷത്തോടടുക്കുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള സമാധാന കരാർ സംബന്ധിച്ച ചർച്ചകൾക്കായാണ് പ്രതിനിധികൾ എത്തുന്നത്.

















