വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒന്നാം സെമി ഫൈനലിൽ ബംഗ്ലാദേശിനെ 40 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം ഫൈനലിൽ. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഒന്നാം സെമി ഫൈനൽ പോരാട്ടത്തിൽ ടോസ് നേടി ആദ്യം
ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 149 റൺസെന്ന ശക്തമായ സ്കോർ പടുത്തുയർത്തി. തുടക്കത്തിൽ ബംഗ്ലാദേശ് ബൗളർമാർ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചെങ്കിലും ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ അർദ്ധസെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. 40 പന്തുകളിൽ നിന്ന് 7 ഫോറുകളും 3 സിക്സറുകളും അടക്കം 64 റൺസ് നേടിയാണ് ഷഫാലിയുടെ
മിന്നുന്ന പ്രകടനം. റിച്ച ഘോഷ് 16 പന്തിൽ 21 റൺസ് നേടി മികച്ച പിന്തുണ നൽകിയപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ദീപ്തി ശർമ്മയും ഇന്നിംഗ്സിന്റെ അവസാന ഘട്ടത്തിൽ വേഗത്തിൽ റൺസ് ഉയർത്തി ടീമിനെ 149 എന്ന സുരക്ഷിതമായ സ്കോറിലേക്ക് എത്തിച്ചു.















