കുറവിലങ്ങാട്: പ്രശസ്തമായ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എട്ടുനോമ്പ് തിരുനാളിന്റെ ആറാം ദിനാചരണം ഭക്തിസാന്ദ്രമായി. തിരുനാളിനോടനുബന്ധിച്ച് പാലാ രൂപതാ പിതൃവേദി, മാതൃവേദി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മുത്തിയമ്മ തീർത്ഥാടനം സംഘടിപ്പിച്ചു.
തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക വിശുദ്ധ കുർബാനയ്ക്കും പ്രാർത്ഥനാ ശുശ്രൂഷകൾക്കും വൈദികരും സംഘടനകളുടെ രൂപതാ ഭാരവാഹികളും നേതൃത്വം നൽകി. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി ആയിരക്കണക്കിന് മാതാപിതാക്കളും ഭക്തജനങ്ങളുമാണ് മുത്തിയമ്മയുടെ മാധ്യസ്ഥം തേടി കുറവിലങ്ങാടേക്ക് ഒഴുകിയെത്തിയത്.
എട്ടുനോമ്പ് തിരുനാളിന്റെ ഭാഗമായി എല്ലാ ദിവസവും വലിയ ഭക്തജനത്തിരക്കാണ് പള്ളിയിൽ അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഭക്തർ എത്തുന്ന സാഹചര്യത്തിൽ വിപുലമായ സുരക്ഷാ-സൗകര്യ ക്രമീകരണങ്ങളാണ് പള്ളി അധികാരികളുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.















