കുറവിലങ്ങാട്: ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എട്ടുനോമ്പ് തിരുനാളിന്റെ ആറാം ദിനാചരണം ഭക്തിനിർഭരമായി നടന്നു. തിരുനാളിനോടനുബന്ധിച്ച് ദലിത്ത് കത്തോലിക്കാ മഹാസഭ (DCMS) പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് ‘മുത്തിയമ്മ തീർത്ഥാടനം’ സംഘടിപ്പിച്ചു.
തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന വിശുദ്ധ കുർബാനയ്ക്കും പ്രത്യേക പ്രാർത്ഥനകൾക്കും വൈദികരും സഭാ ഭാരവാഹികളും നേതൃത്വം നൽകി. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ഡി.സി.എം.എസ്. പ്രവർത്തകരും വിശ്വാസികളുമാണ് മുത്തിയമ്മയുടെ മാധ്യസ്ഥം തേടി തീർത്ഥാടനത്തിൽ പങ്കെടുത്തത്.
എട്ടുനോമ്പ് തിരുനാളിന്റെ ഭാഗമായി ദിവസവും ആയിരക്കണക്കിന് തീർത്ഥാടകരാണ് കുറവിലങ്ങാട് പള്ളിയിലേക്ക് എത്തുനാന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഭക്തജനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് ട്രസ്റ്റികളുടെയും വിവിധ കമ്മറ്റികളുടെയും നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.















