മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ കോക്ക് റോച്ച് ജനത പാർട്ടി (CJP) നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.
ഹർജി അടിയന്തരമായി കേൾക്കണമെന്ന സി.ജെ.പിയുടെ ആവശ്യം ഇന്നലെ രാത്രി കോടതി തള്ളിയിരുന്നു.
കസ്റ്റഡി നീട്ടിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സി.ജെ.പി
സി.ജെ.പി നേതാക്കളുടെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിനാൽ ഇവരെ ഇന്ന് ഡൽഹി സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. നേതാക്കളുടെ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെയാണ് സി.ജെ.പി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
വിഷയത്തിൽ ഇന്നലെ രാത്രി തന്നെ അടിയന്തരമായി വാദം കേൾക്കണമെന്ന് സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗ് ആവശ്യപ്പെട്ടിരുന്നു. നീതി ഇനിയും വൈകരുതെന്നും ഹൈക്കോടതി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും രത്ന സിംഗ് എക്സിൽ (X) കുറിച്ചു. എന്നാൽ ഇന്നലെ രാത്രി ഹർജി പരിഗണിക്കില്ലെന്നും കേസ് ഇന്ന് പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.















