തൊഴിലില്ലായ്മ, അനിയന്ത്രിതമായ വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, ജീവിതച്ചെലവുകളിലെ വർദ്ധനവ് എന്നിവയ്ക്കെതിരെ യൂറോപ്യൻ രാജ്യങ്ങളിൽ ആരംഭിച്ച ജനകീയ പ്രക്ഷോഭങ്ങൾ കൂടുതൽ ആക്രമാസക്തമാകുന്നു. യൂറോപ്പിലുടനീളം പടർന്നുപിടിച്ച പ്രതിഷേധങ്ങളിൽ വൻ നാശനഷ്ടങ്ങളും വ്യാപക അറസ്റ്റുകളുമാണ് റിപ്പോർട്ട് ചെയ്യുന്നത്.
അൽബേനിയൻ തലസ്ഥാനമായ തിരാനയിൽ സർക്കാരിനെതിരായ സമരം അഞ്ചാം ദിവസവും തുടരുകയാണ്. പ്രക്ഷോഭകർ അൽബേനിയൻ സുപ്രീം കോടതി കെട്ടിടത്തിന് തീയിട്ടു. പ്രധാനപ്പെട്ട കേസ് ഫയലുകൾ ഉൾപ്പെടെ കത്തിയമർന്നതോടെ സുപ്രീം കോടതിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. പ്രധാനമന്ത്രി എഡി രാമ സർക്കാരിന്റെ അഴിമതിക്കും സാമ്പത്തിക നയങ്ങൾക്കുമെതിരെയാണ് ഇവിടെ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്.















