പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നവംബറിൽ നടക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ യുദ്ധത്തിന് ശമനമുണ്ടാകുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. അതിനിടെ, ഇറാനിലെ സിരിക്, ഖഷാം ദ്വീപ്, മിനാബ് കൗണ്ടി എന്നിവിടങ്ങളിൽ മിസൈലാക്രമണം നടന്നതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
മറുവശത്ത്, ആണവ പരിശോധനകളിൽ സഹകരിക്കാത്ത ഇറാന്റെ നിലപാടിനെ തുടർന്ന് വിഷയം ഐക്യരാഷ്ട്ര സഭാ രക്ഷാ കൗൺസിലിന് റഫർ ചെയ്യാനുള്ള പ്രമേയം അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) പാസാക്കി. യു.എസ്, യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ ചേർന്നാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്. എന്നാൽ ചൈനയും റഷ്യയും ഇറാനും പ്രമേയത്തെ ശക്തമായി എതിർത്തു. ഐ.എ.ഇ.എ നീക്കം ഇരട്ടത്താപ്പാണെന്നും സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള ആണവോർജ്ജ ഉത്പാദനവുമായി മുന്നോട്ടുപോകുമെന്നും ഇറാന്റെ വൈസ് പ്രസിഡന്റ് മുഹമ്മദ് റേസ ആരിഫ് വ്യക്തമാക്കി.
സാഹചര്യം വഷളായതോടെ, ചബഹാർ മുതൽ ഒമാൻ ഉൾക്കടലിന്റെയും അറേബ്യൻ കടലിന്റെയും ഭാഗങ്ങൾ വരെ ഉൾപ്പെടുന്ന ഒരു പ്രത്യേക നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് (IRGC) മുന്നറിയിപ്പ് നൽകി. ഈ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്നും അവർ അറിയിച്ചു. അതിനിടെ, യെമനിലെ ഹൂതികൾക്ക് നേരെ വ്യോമാക്രമണം നടത്താൻ പാകിസ്ഥാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഹൂതികളുടെ ആക്രമണം തുടർന്നാൽ മെക്ക പ്രതിരോധ ഉടമ്പടി പ്രകാരം സൗദി അറേബ്യയെ സംരക്ഷിക്കാൻ രംഗത്തിറങ്ങുമെന്ന് പാക് പ്രതിരോധ മന്ത്രി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.















