കാലടി സംസ്കൃത സർവകലാശാലയിലെ പരീക്ഷാ വിവാദത്തിൽ തങ്ങൾക്ക് ആവശ്യത്തിന് ഹാജരില്ലെന്ന സർവകലാശാലയുടെ വാദം തള്ളി സസ്പെൻഷനിലായ വിദ്യാർത്ഥികൾ. സസ്പെൻഷന് മുൻപ് തങ്ങൾക്ക് പരീക്ഷയെഴുതാൻ ആവശ്യമായ 60 ശതമാനത്തോളം
ഹാജരുണ്ടായിരുന്നുവെന്നും മാപ്പപേക്ഷ നൽകി പരിഹരിക്കാമായിരുന്ന ബാക്കി 15 ശതമാനം ഹാജർ സർവകലാശാലാ കവാടം അടച്ച് വിലക്കിയതിനാലാണ് പൂർത്തിയാക്കാൻ കഴിയാതിരുന്നതെന്നും വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ നൽകിയ ഭേദഗതി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
സർവകലാശാലയിൽ നാടകം കളിച്ചുവെന്നാരോപിച്ച് ഒരേ സംഭവത്തിൽ തങ്ങൾക്കെതിരെ രണ്ടാമതും കേസെടുത്തത് വിചിത്രവും മനഃപൂർവം ഉപദ്രവിക്കാനുള്ള നടപടിയുമാണെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ദീർഘകാലത്തെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. സുപ്രീം കോടതി നിർദേശപ്രകാരം ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. കേസിൽ തീരുമാനം വിദ്യാർത്ഥികൾക്ക് അനുകൂലമെങ്കിൽ അവർക്കായി പ്രത്യേക പരീക്ഷ നടത്താമെന്ന് സർവകലാശാല കോടതിയെ അറിയിച്ചിട്ടുണ്ട്.















