ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകുന്നതിനായി ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്.ആർ (HR) സെൽ പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. നടപടികളിലെ കാലതാമസവും ഫയലുകൾ തീർപ്പാക്കാത്തതും കാരണം ഡോക്ടർമാർക്ക് കൃത്യസമയത്ത് സ്ഥാനക്കയറ്റം ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. ഇത് ആശുപത്രികളിൽ ഒഴിവുകൾ നികത്തുന്നതിനും ജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്നതിനും വലിയ തടസ്സമായിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിനായി പ്രത്യേക സെൽ രൂപീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഡോക്ടർമാരുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. മെഡിക്കൽ ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ ഡോ. അനിൽ വി., പ്ലാനിംഗ് വിഭാഗം ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. വിനീത് വി.ആർ എന്നിവരുടെ നേതൃത്വത്തിലാണ് സെൽ പ്രവർത്തിക്കുക. ആരോഗ്യവകുപ്പിലെ വിവിധ സെക്ഷനുകളെ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്ന ഈ സെൽ വഴി സ്പെഷ്യലിസ്റ്റ്, ജനറൽ, അഡ്മിനിസ്ട്രേറ്റീവ് കേഡറുകളിലെ മുഴുവൻ ഡോക്ടർമാരുടെയും സീനിയോറിറ്റിയും സ്ഥാനക്കയറ്റവും ഡിസംബറോടെ പൂർണ്ണമായി തീർപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.















