രാമപുരം: രാമപുരത്ത് KSRTC ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ സ്ത്രീകളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്. പാലായിലേക്ക് പോകുകയായിരുന്ന പിറവം ഡിപ്പോയിലെ KSRTC ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെയും ലോറിയുടെയും മുൻഭാഗം പൂർണമായും തകർന്നു. ബസിലുണ്ടായിരുന്ന പത്തോളം യാത്രക്കാരെയും ഇരു വാഹനങ്ങളുടെയും ഡ്രൈവർമാരെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണു ലഭിക്കുന്ന വിവരം.
സ്കൂട്ടർ യാത്രക്കാരനെ രക്ഷപ്പെടുത്തുന്നതിനായി വാഹനങ്ങൾ വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. ഫയർ ഫോഴ്സ് എത്തി റോഡ് വൃത്തിയാക്കി. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.















