യുക്രെയ്നിൽ അതിർത്തിക്ക് സമീപം പാസഞ്ചർ ട്രെയിനിന് നേരെ റഷ്യയുടെ ഡ്രോണാക്രമണം. കീവിൽ നിന്നും പോളണ്ടിലെ വാഴ്‌സയിലേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയാണ് ഇന്നലെ രാവിലെ പോളണ്ട്-യുക്രെയ്ൻ അതിർത്തിയിൽ വെച്ച് ആക്രമണമുണ്ടായത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, സ്വീഡിഷ് മുൻ പ്രധാനമന്ത്രി കാൾ ബിൽറ്റ് എന്നിവരടങ്ങിയ ഉന്നത അന്താരാഷ്ട്ര നയതന്ത്ര സംഘം തൊട്ടടുത്തുള്ള മറ്റൊരു ട്രെയിനിൽ സഞ്ചരിക്കവേയായിരുന്നു സംഭവം.
കീവിൽ നടന്ന ഉച്ചകോടിക്ക് ശേഷം മടങ്ങുകയായിരുന്ന നയതന്ത്ര സംഘം സഞ്ചരിച്ച ട്രെയിൻ കടന്നുപോയി നിമിഷങ്ങൾക്കകമാണ് തൊട്ടുപിന്നാലെ വന്ന ട്രെയിനിനും ലോക്കോമോട്ടീവിനും നേരെ റഷ്യൻ ഡ്രോൺ പതിച്ചത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നയതന്ത്ര സംഘം സഞ്ചരിച്ച ട്രെയിനിന്റെ സമയം നേരത്തെയാക്കിയിരുന്നതിനാൽ വൻ ദുരന്തം ഒഴിവാവുകയായിരുന്നു.
സി.ഐ.എ മുൻ മേധാവി ഡേവിഡ് പെട്രേയസ്, ജർമ്മൻ ചാൻസലറുടെ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരടക്കമുള്ള പ്രമുഖരാണ് സംഘത്തിലുണ്ടായിരുന്നത്. അടിയന്തര സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ഇവരെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഉന്നത നേതാക്കൾ സഞ്ചരിച്ച ട്രെയിനിനെത്തന്നെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയത് എന്നാണ് യുക്രൈൻ റെയിൽവേ അധികൃതരുടെ നിഗമനം.















