ജയ്പൂർ: രാജസ്ഥാനിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് മുന്നേറ്റം. ഭരണം വന്ന് മൂന്ന് വർഷത്തോട് അടുക്കുമ്പോൾ നടന്ന പോരാട്ടത്തിൽ തിരഞ്ഞെടുപ്പ് പൂർത്തിയായ 10,235 വാർഡുകളിൽ 4,179 വാർഡുകൾ ബിജെപി പിടിച്ചെടുത്തു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് 3,614 വാർഡുകളിൽ വിജയം നേടി. ബിജെപിക്കും കോൺഗ്രസിനും ശക്തമായ വെല്ലുവിളി ഉയർത്തി 2,273 വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്.
ആകെ 10 മുനിസിപ്പൽ കോർപറേഷനുകളിൽ ജയ്പൂർ, ഭിൽവാര, കോട്ട, ഉദയ്പൂർ എന്നിവിടങ്ങളിൽ ബിജെപി ഭരണം ഉറപ്പിച്ചപ്പോൾ അൽവാറിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ ബിക്കാനീർ, അജ്മീർ കോർപറേഷനുകളിൽ 36 വർഷം നീണ്ട ബിജെപിയുടെ ഭരണത്തിന് പൂട്ടിട്ട് കോൺഗ്രസ് അധികാരം പിടിച്ചെടുത്തു. ബിക്കാനീറിലെ നോക്ക മുനിസിപ്പാലിറ്റിയിൽ പാർട്ടി ചരിത്രത്തിൽ
ആദ്യമായി സിപിഎം വിജയം നേടി. 47 മുനിസിപ്പൽ കൗൺസിലുകളിൽ 11 ഇടത്ത് ബിജെപിയും 6 ഇടത്ത് കോൺഗ്രസും വിജയിച്ചപ്പോൾ ഫത്തേപൂരിൽ കോൺഗ്രസും സ്വതന്ത്രരും ഒപ്പത്തിനൊപ്പമെത്തി. 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പോരാട്ടത്തിൽ മേൽക്കൈ നേടിയെങ്കിലും പകുതിയിലധികം വാർഡുകളിലും വിജയിക്കാനാകാത്തത് ബിജെപിക്ക് തിരിച്ചടിയാണ്.















