പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്ന് പത്തനംതിട്ട ഡിഎംഒ. അന്വേഷണ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കെ മുരളീധരന് സമർപ്പിക്കും.ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് ഡിഎംഒ അനിതാകുമാരി വ്യക്തമാക്കി. ഏകദേശം ഒരു വർഷം മുൻപ് പനിയും ഛർദിലും വയറിളക്കവും
ഉണ്ടായതോടെ ആറന്മുള സ്വദേശിനി വത്സല കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയുടെ ഭാഗമായി ആശുപത്രി കുത്തിവെപ്പ് നൽകി. ഇതിന് പിന്നാലെ കുത്തിവെപ്പ് എടുത്ത ഇടുപ്പിന്റെ ഭാഗത്ത് നിരന്തരം വേദന അനുഭവപ്പെട്ടു. ആദ്യം കാര്യമാക്കിയില്ലെങ്കിലും പിന്നീട് വേദന
അസഹനീയമായി. കുത്തിവെപ്പ് എടുത്ത സ്ഥലത്ത് നീർക്കെട്ടും പഴുപ്പും ഉണ്ടായി. ഇതോടെ നാല് ദിവസം മുമ്പ് വീണ്ടും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തി എക്സ്-റേ എടുത്തതിൽ സൂചി ശരീരത്തിൽ കുടുങ്ങിയത് തിരിച്ചറിഞ്ഞു. സൂചി പുറത്തെടുക്കാൻ ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല. സൂചിയുടെ ഒരു ഭാഗം മാത്രമാണ് പുറത്തെടുക്കാൻ ആയത്.















