നബാർഡ് റൂറൽ ഹാറ്റ് ഗ്രാമവിപണി പ്രവർത്തനം ആരംഭിച്ചു; കർഷക ഉൽപ്പന്നങ്ങൾക്ക് നേരിട്ടുള്ള വിപണന സാധ്യത
അന്തീനാട്: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രൊമോട്ട് ചെയ്യുന്ന പാലാ ഹരിതം ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് നബാർഡ് അനുവദിച്ച ‘റൂറൽ ഹാറ്റ്’ ഗ്രാമവിപണി ഉദ്ഘാടനം ചെയ്തു. പാലാ-തൊടുപുഴ റോഡിൽ അന്തീനാടിനും കൊല്ലപ്പള്ളിക്കും മധ്യേ നിർദിഷ്ട ഹണി പ്രോസസിംഗ് യൂണിറ്റിനോട് ചേർന്നാണ് ഗ്രാമവിപണി സജ്ജമാക്കിയിരിക്കുന്നത്. കർഷകർക്ക് നാടൻ കാർഷിക വിളകളും ഉൽപ്പന്നങ്ങളും നേരിട്ട് വിൽക്കാനും വാങ്ങാനുമുള്ള സൗകര്യം ഇവിടെ ലഭ്യമാണ്.
ഗ്രാമവിപണിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് കുര്യത്ത് നിർവഹിച്ചു. തുടർന്നുള്ള സമ്മേളനത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപന ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ്, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പി.ആർ.ഒ ഡാന്റീസ് കൂനാനിക്കൽ ന് നൽകി നിർവഹിച്ചു.
നബാർഡ് മാനേജർ റെജി വർഗീസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ പയസ് മാണി, സജീവ് സി.ആർ, കമ്പനി ചെയർമാൻ തോമസ് മാത്യു, വൈസ് ചെയർമാൻ ജിമ്മി പോർക്കാട്ടിൽ എന്നിവർ സംസാരിച്ചു.
പ്രധാന കർഷക ബ്രാൻഡുകൾ ലഭ്യമാണ്:
- പാലാ ഹരിതം: നാടൻ തേൻ ഉൽപ്പന്നങ്ങൾ
- പാലാ സാൻതോം: ‘പാലനോവ’ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ
- കാഞ്ഞിരമറ്റം അഗ്രോ: ‘കാൻവേ’ ഉൽപ്പന്നങ്ങൾ
- മാൻവെട്ടം അഗ്രോ: ‘മാൻവെട്ടം പ്രൊഡക്ട്സ്’
തോമസ് മാത്യു മണ്ഡപത്തിൽ (ചെയർമാൻ), ജിമ്മി ജോസഫ് പോർക്കാട്ടിൽ (വൈസ് ചെയർമാൻ), മനു മാനുവൽ (സി.ഇ.ഒ) എന്നിവരുൾപ്പെടുന്ന ഭരണസമിതിയാണ് പാലാ ഹരിതം ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് നേതൃത്വം നൽകുന്നത്.















