വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ സി.എം.ആർ.എൽ – എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ ടി., പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് എന്നിവർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിൽ സർക്കാർ നിയമോപദേശം തേടി. അഡ്വക്കറ്റ് ജനറലും (എ.ജി) ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും (ഡി.ജി.പി) സംയുക്തമായി സർക്കാരിന് നിയമോപദേശം നൽകും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ 20 കോടി രൂപയുടെ സംശയാസ്പദമായ ഇടപാടുകളുടെ വിവരങ്ങളും, ഹവാല ഇടപാട് സംബന്ധിച്ച രേഖകളും അടങ്ങിയിട്ടുണ്ടെന്നാണ് സൂചന.
വീണ ടി.യും പി. എ. മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹത്തിന് ശേഷം നടന്ന സാമ്പത്തിക ഇടപാടുകളിൽ കൃത്യമായ തെളിവുകളുണ്ടെന്നാണ് ഇ.ഡിയുടെ വാദം. കേസ് ക്രൈംബ്രാഞ്ചിനോ വിജിലൻസിനോ കൈമാറി സംസ്ഥാന തലത്തിൽ അന്വേഷണം നടത്താനാണ് സർക്കാരിന്റെ പ്രാഥമിക ആലോചന.
അതേസമയം, ഇ.ഡി അന്വേഷണത്തെയും പുറത്തുവരുന്ന മാധ്യമവാർത്തകളെയും പൂർണ്ണമായി തള്ളി മന്ത്രി പി. എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു. സി.എം.ആർ.എൽ – എക്‌സാലോജിക് വിഷയത്തിലൂടെ മുഖ്യമന്ത്രിയെയല്ല, സി.പി.ഐ.എമ്മിനെയാണ് രാഷ്ട്രീയമായി ലക്ഷ്യമിടുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ടി. പി. രാമകൃഷ്ണൻ ആരോപിച്ചു. അതേസമയം, പി.എം.എൽ.എ (PMLA) നിയമപ്രകാരമുള്ള സ്വന്തം അന്വേഷണവുമായി ശക്തമായി മുന്നോട്ട് പോകാനാണ് ഇ.ഡിയുടെ തീരുമാനം.















