ഇടുക്കി: ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം ബുധനാഴ്ച രാവിലെ ആറിന് ആരംഭിക്കും. നാല് വെറ്ററിനറി ഡോക്ടർമാർ അടങ്ങുന്ന വനംവകുപ്പിന്റെ 50 അംഗ സംഘമാണ് ദൗത്യത്തിനായി ചിന്നക്കനാലിൽ സജ്ജമായിരിക്കുന്നത്. വയനാട്ടിൽ നിന്ന് എത്തിച്ച കുങ്കിയാനകളും ദൗത്യത്തിന്റെ ഭാഗമാകും.
നിരോധനാജ്ഞയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാർഡുകളിൽ ബുധനാഴ്ച പുലർച്ചെ മുതൽ ദൗത്യം അവസാനിക്കുന്നത് വരെ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ വാർഡുകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവധി ബാധകമാണ്. പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.
യാത്രാ നിയന്ത്രണവും ദൃശ്യങ്ങൾ പകർത്തുന്നതിന് വിലക്കും ദൗത്യം നടക്കുന്ന മേഖലയിലേക്ക് ഔദ്യോഗിക വാഹനങ്ങൾ ഒഴികെയുള്ളവയുടെ പ്രവേശനം പോലീസ് നിയന്ത്രിക്കും. പ്രദേശവാസികൾ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്. ദൗത്യമേഖലയിൽ പ്രവേശിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിനും ഫോട്ടോ എടുക്കുന്നതിനും യൂട്യൂബർമാർ ഉൾപ്പെടെയുള്ളവർക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. ഡ്രോൺ ക്യാമറകൾ, നൈറ്റ് ക്യാമറകൾ, ക്യാമറ ട്രാപ്പുകൾ എന്നിവയുടെ പ്രവർത്തനവും നിരോധിച്ചിട്ടുണ്ട്. എന്നാൽ, മാധ്യമപ്രവർത്തകർക്ക് സുരക്ഷിതമായ സ്ഥലത്തുനിന്ന് വിവരങ്ങൾ ശേഖരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ആരോഗ്യവകുപ്പും സജ്ജം അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ചിന്നക്കനാൽ, ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, അടിമാലി താലൂക്ക് ആശുപത്രി, ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രം, മൂന്നാറിലെ ടാറ്റാ ടീ ഹൈറേഞ്ച് ആശുപത്രി എന്നിവിടങ്ങളിൽ രാവിലെ ഏഴ് മുതൽ ഡോക്ടർമാർ, നഴ്സിങ് ജീവനക്കാർ, ആംബുലൻസ് സൗകര്യം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ 301 കോളനിയുടെ എതിർഭാഗത്തായാണ് ചക്കക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. സിമന്റ്പാലത്തിന് സമീപത്തുള്ള തുറസ്സായ സ്ഥലത്ത് ആന എത്തുകയാണെങ്കിൽ ദൗത്യം ബുധനാഴ്ച തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.
















