പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് ആളിക്കത്തിയുണ്ടായ തീപിടിത്തത്തിൽ ലോറി ഡ്രൈവർ വെന്തുമരിച്ചു. മരപ്പൊടി (അറക്കപ്പൊടി) കയറ്റിവന്ന ലോറിയുടെ ഡ്രൈവറും ശ്രീകൃഷ്ണപുരം സ്വദേശിയുമായ നസീറുദ്ദീനാണ് (28) ദാരുണമായി കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച പുലർച്ചെ 5:30-ഓടെയാണ് അപകടം സംഭവിച്ചത്. മരപ്പൊടിയുമായി വന്ന ലോറിയും കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച ഉടൻ തന്നെ തീ പടർന്നുപിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കണ്ടെയ്നർ ലോറി ഡ്രൈവറായ അതിഥിത്തൊഴിലാളിയെ ഉടൻ തന്നെ
സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് മണിക്കൂറുകൾ പ്രയത്നിച്ചാണ് തീയണച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ മണിക്കൂറുകളോളം കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

















